പണത്തിനു പിന്നാലെ ഓടുന്നവരാണ് നമ്മൾ. എന്തിനാണ് പണത്തിനു പിന്നാലെ ഓടുന്നതെന്ന് ചോദിച്ചാൽ ജീവിത നിലവാരം മെച്ചപ്പെടുത്തുവാനും, അതുവഴി ലഭിക്കുന്ന സന്തോഷത്തിനുമാണെന്ന് നമ്മൾ പറയും. എന്നാൽ ഓട്ടത്തിൻെറ നീളം കൂടുമ്പോഴും സമ്പത്ത് കവിഞ്ഞ് കൂടുമ്പോഴും അതിനനുപാതികമായി നമ്മുടെ സന്തോഷം കൂടുന്നുണ്ടോ? അതോ സമ്മർദ്ദങ്ങളാണോ കൂടുന്നത്? ലോകം മുഴുവൻ സാമ്പത്തിക വളർച്ചയുടെ കണക്കുകൾക്കു പിന്നാലെ പായുമ്പോൾ ‘ആനന്ദം’ എന്ന വാക്കിൻറെ അർത്ഥം എന്തെന്നറിഞ്ഞ് ജീവിക്കുന്ന ഒരു ജനതയുണ്ട്. അവരുടെ രാജ്യമാണ് ഭൂട്ടാൻ. ലോകത്ത് ഏറ്റവും അധികം ആനന്ദം അനുഭവിക്കുന്ന ജനത. എപ്പോഴും നിറപുഞ്ചിരിയുമായി ജീവിക്കുന്ന ജനത. ആ ഭാഗ്യം ഭൂട്ടാൻ ജനതയ്ക്ക് നൽകിയത് അവിടത്തെ രാജകീയ ഭരണകൂടമാണ്. ഭൂട്ടാനിലെ രാജാവായിരുന്ന ജിഗ്‌മേ സിംഗ് യേ വാൻചു ക്കാണ് ‘ദേശീയ ആനന്ദം’ എന്ന ആശയം ആദ്യമായി തൻ്റെ പ്രജകൾക്കായി മുന്നോട്ടു വയ്ക്കുന്നത്. ഭൗതിക സമ്പത്തിൻറെ വളർച്ച മാത്രമല്ല ഒരു രാജ്യത്തിൻറെ വളർച്ചയ്ക്കും, വ്യക്തിയുടെ സന്തോഷ ത്തിനും അടിസ്ഥാനമെന്നും, മനസ്സിൻറെ ആനന്ദവും മുഖ്യമാണെന്ന് അദ്ദേഹം നിരീക്ഷിച്ചു മനസ്സിലാക്കി. ദേശീയ ആനന്ദത്തെ ജി. ഡി. പി. പോലെ കണക്കുകളിക്കിടയിൽ അളന്നെടുക്കാൻ കഴിയുന്ന ഒന്നായിരുന്നില്ല. അതിനാൽ രാജാവ് വ്യക്തിയുടെ ‘ആനന്ദത്തെ’ അളന്നു തിട്ടപ്പെടുത്തുവാൻ വേണ്ടി നാല് അടിസ്ഥാന ഘടകങ്ങൾ രൂപപ്പെടുത്തി. സമത്വത്തിലൂന്നിയ സുസ്ഥിരമായ സാമൂഹിക സാമ്പത്തിക വികസനം, സാംസ്‌കാരിക തനിമയുടെ വികസനം, ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി അവ വേഗത്തിൽ നടത്തികൊടുത്തുകൊണ്ടുള്ള സംശുദ്ധമായ ജനക്ഷേമ ഭരണം, പ്രകൃതി സംരക്ഷണം എന്നിവയായിരുന്നു അവ. മനസ്സിൻറെ സന്തോഷങ്ങളെയും, ഭൗതിക സന്തോഷങ്ങളെയും സമന്വയിപ്പിച്ചുകൊണ്ടുള്ള വിവിധ പരീക്ഷണങ്ങളാണ് പിന്നീട് ഭൂട്ടാനിൽ നടന്നത്. അതിന്റെ അനന്തര ഫലമാണ് ഇന്ന് ഭൂട്ടാൻ ജനത അനുഭവിക്കുന്ന മനസ്സിന്റെ സന്തോഷം. ആനന്ദവും, അല്ലലില്ലാത്ത മനസ്സും, ആവശ്യത്തിന് ഭൗതിക സമൃദ്ധിയും ചേർന്ന് പ്രകൃതിയോടിണങ്ങി ജീവിച്ചപ്പോൾ ഭൂട്ടാൻ ജനത ആനന്ദത്തിൻറെ അവകാശി കളായി മാറി. ഭൗതിക വളർച്ചയുടെമാത്രം പിന്നാലെ പായുന്ന നമ്മൾ കണ്ടുപഠിക്കേണ്ട പാഠപുസ്തകമാണ് ഭൂട്ടാനും, അവിടത്തെ ആനന്ദമനുഭവിക്കുന്ന ജനതയും.