‘ആനവണ്ടി’ എന്ന് സ്നേഹവും, അൽപം പരിഹാസവും കലർന്ന രൂപത്തിൽ നാം വിളിക്കുന്ന കെ.എസ്. ആർ. ടി. സി. യ്ക്കു രൂപം കൊടുത്തത് തിരുവിതാംകൂർ രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ മഹാരാജാവായിരുന്നു. ട്രാവൻകൂർ സ്റ്റേറ്റ് ട്രാൻസ്‌പോർട് ഡിപ്പാർട്മെന്റ് (TSTD ) എന്നായിരുന്നു അന്നത്തെ നാമം. സ്വകാര്യ ബസുകൾ അപൂർവമായി നിരത്തുകളിൽ ഓടിത്തുടങ്ങിയ കാലമായിരുന്നു അത്. കുതിരവണ്ടികളും, കാളവണ്ടികളുമായിരുന്നു അക്കാലത്തെ പ്രധാന യാത്രാ വാഹനങ്ങൾ. മോട്ടോർ ബസ്സുകൾ ജനങ്ങളുടെ യാത്രാ ദുരിതത്തിന് പരിഹാരമാകും എന്ന ദീർഘ വീക്ഷണത്തോടെയാണ് രാജാവ് തിരുവിതാംകൂറിൽ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ രൂപീകരിക്കുവാൻ തീരുമാനിച്ചത്. അതിൻറെ പൂർണ്ണ ചുമതല ഏൽപ്പിച്ചതാകട്ടെ എഞ്ചിനീയറിംഗ് വിദഗ്ദ്ധനായ ഇ.ജി. സാൾട്ടർ എന്ന ബ്രിട്ടീഷുകാരനെയും.
സാൾട്ടറിനെ രാജാവ് ഈ ചുമതല ഏൽപ്പിച്ചതിനു പിന്നിൽ ഒരു കാരണമുണ്ടായിരുന്നു. ലണ്ടൻ പാസഞ്ചർ ട്രാൻസ്‌പോർട്ട് ബോർഡിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഒരു വിദഗ്ദ്ധനായിരുന്നു സാൾട്ടർ . തിരുവിതാംകൂറിൽ മോട്ടോർവാഹന വിദഗ്ദ്ധർ നന്നേ കുറവായിരുന്നു. രാജാവിൻറെ ക്ഷണപ്രകാരം എത്തിച്ചേർന്ന സാൾട്ടർ ട്രാൻസ്‌പോർട്ട് സർവീസ് എങ്ങനെയായിരിക്കണം എന്ന വിഷയത്തെപ്പറ്റി സുദീർഘമായ ചർച്ചകൾ ചിത്തിര തിരുനാൾ മഹാരാജാവുമായും, ദിവാൻ സി.പി. രാമസ്വാമി അയ്യരുമായും നടത്തി. തുടർന്ന് ഇംഗ്ലണ്ടിൽ നിന്നും ഇറക്കുമതി ചെയ്ത കോമർ PNF – 3 ഷാസിയിൽ പെർത്തിൻസ് എഞ്ചിനുകൾ ഘടിപ്പിച്ച 60 ബസ്സുകൾ നിരത്തിലിറക്കുവാൻ തീരുമാനിച്ചു.
1938 – ഫെബ്രുവരി 20 -ന് ചിത്തിര തിരുനാൾ മഹാരാജാവ് മോട്ടോർ സർവീസ് ഔപചാരികമായി ഉദ്‌ഘാടനം ചെയ്തു. 34 ബസ്സുകൾ നിരത്തിലിറക്കിക്കൊണ്ട് കവടിയാർ രാജകൊട്ടാരത്തിനു മുൻപിലുള്ള ഉദ്‌ഘാടന ഘോഷയാത്ര കാണുവാൻ ആയിരക്കണക്കിന് ആൾക്കാരാണ് ഒത്തുചേർന്നത്. ഇതിൽ ആദ്യ ബസ്സ് ഓടിച്ചത് സാൾട്ടർ തന്നെയായിരുന്നു എന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം! തിരുവിതാംകൂർ ട്രാൻസ്‌പോർട്ട് ഡിപ്പാർട്മെന്റിന്റെ പൊതുജനങ്ങൾക്കായുള്ള ആദ്യ യാത്രാ സർവീസ് ആരംഭിച്ചത് തിരുവനന്തപുരം – കന്യാകുമാരി റൂട്ടിലായിരുന്നു. സാൾട്ടർ സായിപ്പ് ആദ്യ ഡ്രൈവറായി കന്നിയാത്ര നടത്തിയ തിരുവിതാംകൂർ ട്രാൻസ്‌പോർട് സർവീസാണ് പിൽക്കാലത്ത് K.S.R.T.C എന്ന പേര് സ്വീകരിച്ച്, ലാഭനഷ്ട കണക്കുകൾ നോക്കാതെ ആയിരക്കണക്കിനു ബസ്സുകളുമായി ഇന്നും നമുക്ക് സേവനം നൽകികൊണ്ടിരിക്കുന്നത്.