കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുവാൻ ലോകരാജ്യങ്ങൾ എത്രമാത്രം ശ്രമിക്കുന്നുണ്ട്? നാം ഈ വിഷയത്തെ എത്രമാത്രം ഗൗരവമായി കാണുന്നുണ്ട്? അവസരത്തിനേക്കാൾ ഉപരി അനവസരത്തിൽ പ്രക്ഷോഭം നടത്തുന്ന നമ്മളിൽ എത്രപേർ കാലാവസ്ഥാ വ്യതിയാനത്തിൻറെ അനന്തര ദൂഷ്യഫലങ്ങൾ മനസ്സിലാക്കി പ്രതികരിക്കുന്നുണ്ട്? ഈ ചോദ്യങ്ങൾക്കിടയിൽ ഇന്ന് ശ്രദ്ധാകേന്ദ്രമാകുന്ന ഒരു പേരുണ്ട്. ഗ്രേറ്റാ തൻബർഗ് (Greta Thunberg). സ്വീഡിഷ് വിദ്യാർത്ഥിനിയായ ഈ 16 കാരി ലോകത്തിൻറെ ശ്രദ്ധാകേന്ദ്രമായത് ലോക രാജ്യങ്ങൾ കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുവാൻ നടപടികളൊന്നും സ്വീകരിക്കുന്നില്ല എന്നാരോപിച്ചുകൊണ്ട് സ്‌കൂൾമുഖത്ത് പ്രക്ഷോഭം ആരംഭിച്ചപ്പോഴാണ്.

ഒരു സ്വീഡിഷ് കലാകുടുംബത്തിലായിരുന്നു ഗ്രേറ്റാ തൻബർഗിന്റെ ജനനം. അച്ഛൻ നടനും, അമ്മ ഓപ്പറാ ഗായികയുമാണ്. 2018 -ൽ തൻബർഗ് ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്വീഡനിലുണ്ടായ കാലാവസ്ഥാ വ്യതിയാനവും, കടുത്ത ഉഷ്‌ണതരംഗവും, കാട്ടുതീയും ആ കുഞ്ഞു മനസ്സിനെ ഇരുത്തി ചിന്തിപ്പിച്ചു. തുടർന്ന് കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന പ്രതിസന്ധികളെക്കുറിച്ച് സ്വയം പഠിച്ചു. സ്വീഡിഷ് ഗവർമെൻറ്‌ പാരീസ് ഉടമ്പടി അനുസരിച്ചുള്ള മുൻകരുതലുകൾ കാലാവസ്ഥാ വ്യതിയാനത്തിൻറെ കാര്യത്തിൽ എടുക്കുന്നില്ല എന്നു മനസ്സിലാക്കിയ തൻബർഗ് ‘കാലാവസ്ഥയ്ക്കു വേണ്ടി സ്‌കൂൾ പണിമുടക്ക്’ എന്ന ബോർഡും കൈയ്യിലേന്തി സ്‌കൂൾ സമയത്ത് സ്വീഡിഷ് പാർലമെൻറ് മന്ദിരത്തിനു പുറത്ത് സമരം നടത്തി.

ആദ്യം എല്ലാ പഠന ദിവസവും സമരം നടത്തിയ തൻബർഗ് ക്രമേണ അത് വെള്ളിയാഴ്ച്ചകളിൽ മാത്രം തുടർന്നു. പഠനത്തെ ബാധിക്കാതെ സമരവുമായി മുന്നോട്ടുപോയ തൻബർഗിന്റെ ആവശ്യം വിവിധ ലോകമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെ, തൻബർഗ് കാലാവസ്ഥാ വ്യതിയാനത്തിനെതിരെ മുൻകരുതലെടുക്കുവാൻ ആവശ്യപ്പെടുന്ന വേറിട്ട ശബ്‍ദത്തിനുടമയായി എന്നു മാത്രമല്ല; ലോകത്തെമ്പാടുമുള്ള സ്കൂൾ കുട്ടികൾക്ക് മാർഗ്ഗദർശിയുമായി. സ്‌കൂൾ കുട്ടികളിൽ പരിസ്ഥിതി ബോധം വളർത്തുവാൻ തൻബർഗിന്റെ സമരം ഹേതുവായി. 2018 ഡിസംബറിൽ 270 നഗരങ്ങളിലായി 20,000 വിദ്യാർത്ഥികളാണ് തൻബർഗിനൊപ്പം സമരരംഗത്തേക്ക് കടന്നുവന്നത്.