നദികളെയും, തടാകങ്ങളെയും സ്വാഭാവിക പരിണാമത്തിലൂടെ പ്രകൃതി സൃഷ്ടിച്ചിരിക്കുന്നത് പ്രകൃതിയുടെ തന്നെ ആവാസവ്യവസ്ഥയുടെ നിലനിൽപ്പിനായാണ്. ഈ ആവാസവ്യവസ്ഥയിൽ നിലനിൽക്കുന്നത് വൃക്ഷലതാദികളും മനുഷ്യനുൾപ്പെടെയുള്ള ജീവജാലങ്ങളുമാണ്. മനുഷ്യനൊഴികെയുള്ള എല്ലാ ജീവജാലങ്ങളും പ്രകൃതിയോടിണങ്ങി ജീവിക്കുന്ന സ്വഭാവം പുലർത്തുന്നവയുമാണ്. പ്രകൃതിയെ നിരന്തരം ചൂഷണം ചെയ്യുവാനുള്ള വാസന മനുഷ്യൻ മാത്രമേ പ്രകടിപ്പിക്കുന്നുള്ളൂ. നിരന്തരമായ ചൂഷണം പ്രകൃതിയെ നശിപ്പിക്കുമ്പോൾ അതിൻറെ തിക്തഫലങ്ങൾ സർവ്വ ജീവജാലങ്ങളും അനുഭവിക്കുകയും ചെയ്യുന്നു.

ഇക്കാര്യം ഇവിടെ പറഞ്ഞതിന് ചില കാരണങ്ങളുണ്ട്. ലോകത്തിലെതന്നെ ആറാമത്തെ ഏറ്റവും വലിയ ജലാശയമാണ് ആഫ്രിക്കയിലെ ചാഡ് തടാകം. നൈജീരിയ, നൈജർ, ചാഡ്, കാമറൂൺ എന്നീ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്നതാണ് ഈ ജലാശയം. മൂന്നു കോടിയിലേറെ ജനങ്ങളുടെ ജല ആവശ്യങ്ങൾ നിർവഹിക്കുന്നതും, തീരവാസികൾക്ക് ഉപജീവനം നൽകുന്നതും ഈ തടാകമാണ്. 2200 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ തടാകത്തിന്റെ പത്തിലൊന്നു മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളൂ! വറ്റിവരണ്ട തടാകത്തിൻറെ പലഭാഗങ്ങളും നൈജീരിയ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ബൊക്കോ ഹറാം എന്ന തീവ്രവാദ സംഘടനയുടെ നിയന്ത്രണത്തിലുമാണ്. നിരന്തരമായ കാലാവസ്ഥാവ്യതിയാനവും, തുടർന്ന് കാർഷിക മേഖലയിലുണ്ടായ തകർച്ചയും, അനിയന്ത്രിതമായ ജലചൂഷണവും തടാകത്തെ നശിപ്പിച്ചപ്പോൾ നദീതട മേഖലകളിൽ ആഭ്യന്തരകലാപം ശക്തമായി. ഭക്ഷണത്തിനും, ജലത്തിനും വേണ്ടി പരസ്പരം പോരടിക്കുന്ന ഒരു ജനതയായി നദീതടവാസികൾ മാറി. ജലം മനുഷ്യന്റെ നിത്യോപയോഗത്തോടൊപ്പം ഒരു പ്രദേശത്തിൻറെ സാമ്പത്തിക അവസ്ഥയെകൂടി നിയന്ത്രിക്കുന്ന ഘടകമാണെന്ന് ചാഡ് തടാകത്തിന്റെ ശോഷണം ലോകത്തിന് കാട്ടിത്തന്നു. പലരാജ്യങ്ങളിലെയും ആഭ്യന്തര കലാപങ്ങളുടെ പരോക്ഷകാരണം ജലചൂഷണവും, പരിസ്ഥിതി നാശവുമാണെന്ന വാദത്തെ ബലപ്പെടുത്തുന്നതാണ് ചാഡ് തടാകത്തിന്റെ ശോഷണം.

ഏകദേശം സമാനമായ സാഹചര്യങ്ങൾ തന്നെയാണ് പഴയ സോവിയറ്റ് റഷ്യയിലും മുൻപ് സംഭവിച്ചത്. ലോകത്തെ ഏറ്റവും വലിയ നാലാമത്തെ ജലാശയമായിരുന്നു അരാൽ സമുദ്രം. ശ്രീലങ്ക എന്ന രാജ്യത്തിൻറെ വിസ്തൃതിയായിരുന്നു ഈ ജലാശയത്തിന്! സ്റ്റാലിൻ റഷ്യ ഭരിച്ചിരുന്ന കാലത്ത് കാർഷിക അഭിവൃദ്ധിക്കായി ഈ ജലാശയത്തിലെ ജലം ഉസ്ബക്കിസ്ഥാനിലെയും, തുർക്ക് മെനിസ്ഥാനിലെയും പരുത്തികൃഷി വർദ്ധിപ്പിക്കുന്നതിനായി അനിയന്ത്രിതമായി ഉപയോഗിച്ചു. പരുത്തികൃഷി വ്യാപകമായതോടെ കൂടുതൽ ജലം വലിയ കനാലുകളിലൂടെ കൃഷി സ്ഥലങ്ങളിലെത്തിക്കുകയും ചെയ്തു. പരുത്തികൃഷിയിൽ നിന്നുള്ള വരുമാനം വർദ്ധിച്ചു എങ്കിലും ക്രമേണ പ്രകൃതിയിൽ പ്രതികൂലമായ മാറ്റങ്ങൾ കണ്ടുതുടങ്ങി. അതാരും ഗൗരവമായി എടുത്തില്ലെന്നു മാത്രം.