നിഗൂഢരഹസ്യങ്ങളും പേറിനിൽകുന്ന നിരവധി ദ്വീപുകൾ ലോകത്തിന്റെ പലഭാഗത്തുമുണ്ട്. നമ്മുടെ ഇന്ത്യയിലും അങ്ങനെയൊരു ദ്വീപുണ്ട്. പേര് നോർത്ത് സെന്റിനൽ ദ്വീപ് ( north sentinel island ) ഏകദേശം 72 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയുള്ള ഈ ദ്വീപ് ആൻഡമാൻ നിക്കോബാറിന്റെ ഭാഗമാണ്. ശിലായുഗ സംസ്കാര തുല്യമായ ജീവിതമാണ് ദ്വീപുവാസികൾ നയിക്കുന്നത്. ബ്രിട്ടീഷ്ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സർവേ ഉദ്യോഗസ്ഥനായ ജോൺ റിജി 1771-ൽ സെന്റിനൽദ്വീപ് യാദൃശ്ചികമായി കണ്ടെത്തുകയായിരുന്നു. പുറംലോകവുമായി ബന്ധപ്പെടാൻ താൽപര്യം കാണിക്കാത്ത ഇവിടത്തെ ജനത പുറത്തുനിന്നും വരുന്നവരെ അമ്പെയ്തു കൊല്ലുകയാണ് പതിവ്. ദ്വീപുനിവാസികളുമായി സംവദിക്കുവാനായി പലരും പലവട്ടം ശ്രമിച്ചു എങ്കിലും ആക്രമണങ്ങളെതുടർന്ന്പിൻവാങ്ങുകയായിരുന്നു. 1867-ൽ ഇന്ത്യയുടെ ഒരു ചരക്കുകപ്പൽ നിയന്ത്രണം വിട്ടു സെന്റിനൽ ദ്വീപിലിടിച്ച് തകർന്നിരുന്നു. കപ്പലിൽ നിന്നും കരയിലിറങ്ങുവാൻ ശ്രമിച്ചവരെ ദ്വീപുനിവാസികൾ ആക്രമിച്ചു. റോയൽ നേവിയുടെ രക്ഷാസംഘത്തിന് ഉടൻ സ്ഥലത്തെത്തുവാൻ കഴിഞ്ഞതുകൊണ്ട് മാത്രമാണ് കപ്പൽ ജീവനക്കാർക്ക് രക്ഷപ്പെടാനായത്. ഈ സംഭവത്തെ തുടർന്നു ദ്വീപിന്റെ പരിസരപ്രദേശങ്ങളിലേക്കുപോലും കപ്പലുകൾ പോകാതെയായി.

സെന്റിനൽ ദ്വീപിനെക്കുറിച്ചും അവിടത്തെ ഗോത്രജനതയെപറ്റിയും പഠിക്കുവാനുമായി 1967 -ൽ ഇന്ത്യ ഗവർമെൻറ് നരവംശ ശാസ്ത്രജ്ഞനായ ടി. എൻ പണ്ഡിറ്റിന്റെ നേതൃത്വത്തിൽ ഒരു വിദഗ്ദ്ധസംഘത്തെ ദ്വീപിലേക്കയച്ചിരുന്നു. പാരിതോഷികങ്ങൾ നൽകി ദ്വീപുകാരോട് സൗഹൃദം കൂടുവാൻ ഈ സംഘം ശ്രമിച്ചു എങ്കിലും ദ്വീപുനിവാസികൾ അസ്വസ്ഥത പ്രകടിപ്പിച്ചതിനാൽ ഇന്ത്യൻ സംഘം പിൻവാങ്ങുക യായിരുന്നു. തുടർന്നു നിരവധി പ്രാവശ്യം ഗവർമെൻറ് പലവിധ ശ്രമങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. സുനാമി ഉണ്ടായപ്പോൾ സെന്റിനൽ ദ്വീപിലും കടൽ ആക്രമണം ഉണ്ടായി. ദ്വീപുനിവാസികളെ സഹായിക്കുവാനായി ഇന്ത്യൻ വ്യോമസേന ഹെലികോപ്റ്ററിൽ നിന്നും ഭക്ഷണപ്പൊതികൾ എറിഞ്ഞു കൊടുത്തുവെങ്കിലും അവർ അവയൊന്നും എടുത്തില്ല. മാത്രവുമല്ല ഹെലികോപ്റ്ററുകൾക്കു നേരെ നിരന്തരം അമ്പെയ്യുകയും ചെയ്തു. പുറംലോകത്തുനിന്നു മുള്ള ഒരു സഹായവും ദ്വീപുനിവാസികൾ ഇഷ്ടപ്പെടുന്നില്ല. വേട്ടയാടിയും മീൻപിടിച്ചും മാത്രമാണ് ഇവർ ഭക്ഷണം കഴിക്കുന്നത്.

ആധുനിക മനുഷ്യനെ ഭയത്തോടും ,ശത്രുതയോടും കൂടിയാണ് ദ്വീപുനിവാസികൾ കാണുന്നത്. അബദ്ധത്തിൽ ദ്വീപിൽ ഒറ്റയ്ക്കു എത്തപ്പെടുന്നവരെപറ്റി പിന്നീട് വിവരമൊന്നും ലഭിച്ചിട്ടുമില്ല. ദ്വീപുനിവാസികളുടെ അപക ടകരമായ ഈ സവിശേഷ സ്വഭാവം കാരണം ദ്വീപിലേക്കുള്ള യാത്ര ഇന്ത്യാ ഗവർമെൻറ് നിരോധിച്ചിരിക്കുകയാണ്. കോസ്റ്റ് ഗാർഡിന്റെ നിയന്ത്രണമുള്ളതിനാൽ വഴി തെറ്റിവരുന്ന കപ്പലുകളെയും ബോട്ടുകളെയും അപകടസൂചന നൽകി തിരിച്ചയക്കുന്നുമുണ്ട്. മനുഷ്യന്റെ സംസ്കാരത്തിന്റെയും, സാമൂഹിക ജീവിതത്തിന്റെയും വികാസപരിണാമങ്ങൾ സംഭവിക്കുന്നത് വിവിധ ദേശങ്ങളിലെ ജനങ്ങളുമായി ഇടപഴകുമ്പോഴാണ്. ആയിരകണക്കിന് വർഷങ്ങളായി ലോകമറിയാതെ ഒറ്റപ്പെട്ടു കഴിയേണ്ടി വന്ന സെന്റിനൽ ദ്വീപിലെ ജനതയ്ക്ക് ആധുനിക മനുഷ്യരെയും, അവരുടെ വാഹനങ്ങളെയും ഭയത്തോടെ കാണുവാനേ കഴിയൂ. അതുകൊണ്ടാണ് ശത്രുതയോടെ ആക്രമിക്കുന്നതും! ദ്വീപുനിവാസികളുടെ ബോധതലം ആയിരകണക്കിന് വർഷങ്ങൾക്ക് പിന്നിലാണ് എന്ന യാഥാർഥ്യം അവരെ നമ്മിൽനിന്നും പൂർണ്ണമായും അകറ്റിനിർത്തുന്ന അതിർവരമ്പാകുകയും ചെയ്യുന്നു.