ഒരു കാലത്ത് കേരളത്തിലെ സാഹിത്യ,സാംസ്‌കാരിക മണ്ഡലങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു പി. കേശവദേവ് എന്ന വടക്കൻ പറവൂർകാരൻ കേശവ പിള്ള (ജനനം 1904 – മരണം 1983 ). മാറ്റത്തിൻറെ കുത്തൊഴുക്കിൽ മറ്റു പലരെയും മറന്ന കൂട്ടത്തിൽ കേശവദേവ് എന്ന മഹാപ്രതിഭയെയും നാം മറന്നു. അർഹിക്കുന്ന പരിഗണന അദ്ദേഹത്തിന് ജീവിച്ചിരുന്നപ്പോഴോ, മരണ ശേഷമോ ലഭിച്ചില്ല. 1989 – 1990 ൽ അദ്ദേഹത്തിൻറെ ‘ഗുസ്തി’ എന്ന ചെറുകഥ പേരുമാറ്റി ‘തീപ്പൊരിയിൽ നിന്ന്’ എന്ന പേരിൽ എഡിറ്റ് ചെയ്ത് പാഠ്യപദ്ധതിയിൽ പെടുത്തിയിരുന്നു. ‘ഓടയിൽ നിന്ന്’ എന്ന നോവൽ ഏറെ ചർച്ച ചെയ്യപ്പെടുകയും, സിനിമയ്ക്ക് ഇതിവൃത്തമാകുകയും ചെയ്തു. പതിനൊന്ന് നോവലുകളും, മുപ്പത്തിൽപരം ചെറുകഥകളും, ഏഴിൽപ്പരം നാടകങ്ങളും അദ്ദേഹം രചിച്ചു. കേശവദേവിൻറെ പല കൃതികളുടെയും ഇതിവൃത്തം സമൂഹത്തിൻറെ ഏറ്റവും താഴെത്തട്ടിലുള്ള കഷ്ടപ്പെടുന്ന മനുഷ്യരുടേതായിരുന്നു. അനീതിക്കെതിരെ ശബ്ദമുയർത്തിയ വ്യക്തിയായിരുന്നു ദേവ്. എതിർപ്പിന്റെ ശബ്ദത്തിലൂടെ അദ്ദേഹം സാമ്പ്രാദായക തിന്മകൾക്കെതിരെ പോരാടി. എതിർപ്പിന്റെ ശക്തി എന്താണെന്നു അദ്ദേഹം തൻറെ പ്രഭാഷണങ്ങളിലൂടെയും, അക്ഷരങ്ങളിലൂടെയും പുറത്തെടുത്തപ്പോൾ ദന്തഗോപുരങ്ങളിൽ വസിച്ചിരുന്ന പലരും അദ്ദേഹത്തിൻറെ ശത്രുക്കളായി.
ശത്രുവെന്നോ, മിത്രമെന്നോ നോക്കാതെ ശരികൾക്കു വേണ്ടി ദേവ് എതിർപ്പിന്റെ വാളെടുക്കുകയായിരുന്നു. പണ്ഡിറ്റ് ഖുശി റാമിന്റെ ചിന്തകളിൽ ആകൃഷ്ടനായ കേശവ ദേവിന്റെ സാമൂഹിക ജീവിതം ആരംഭിക്കുന്നത് ആര്യ സമാജത്തിലൂടെയാണ്. ചിന്തകളുടെ തലം മാറിയപ്പോൾ ദേവ് യുക്തിവാദിയായി. മനുഷ്യൻറെ വിശപ്പകറ്റാത്ത ദൈവത്തിൽ ദേവിന് വിശ്വാസം നഷ്ടപ്പെട്ടിരുന്നു. യുക്തിവാദ പ്രവർത്തനങ്ങളിൽ നിന്നും, തൊഴിലാളി വർഗ്ഗ പ്രവർത്തകനായി. തൻറെ നോവലുകളും, ചെറുകഥകളും, നാടകങ്ങളുമൊക്കെ തിന്മകൾക്കെതിരെ പ്രതികരിക്കുവാനുള്ള തട്ടകങ്ങളാക്കി. എതിർപ്പിന്റെ സ്വരം കേശവദേവിൻറെ വ്യക്തിത്വത്തിൽ അലിഞ്ഞു ചേർന്ന ഒന്നായിരുന്നു. ആര്യ സമാജത്തിൽ ചേർന്നപ്പോൾ ആര്യ സമാജ ആചാര്യൻ പണ്ഡിറ്റ് ഋഷി റാം അദ്ദേഹത്തോട് പേരിൻറെ ജാതി സ്ഥാനം മാറ്റുവാൻ ആവശ്യപ്പെട്ടു. കേശവപിള്ള എന്ന കേശവദേവ് അതിനു തയ്യാറുമായിരുന്നു. കേശവന്റെ കൂടെ ദാസ് എന്നോ ദേവ് എന്നോ ചേർക്കുവാനായിരുന്നു ഋഷിറാമിന്റെ നിർദേശം. കേശവപിള്ള സ്വീകരിച്ചത് ദാസിനു പകരം ദേവ് ആയിരുന്നു. താനാരുടെയും ദാസനല്ല എന്ന് അദ്ദേഹം ആ അവസരത്തിൽ വെട്ടിത്തുറന്ന് പറയുകയും ചെയ്തു. അതായിരുന്നു കേശവദേവ്!
കേരളത്തിലെ ആദ്യകാല കമ്യൂണിസ്റ്റുകാരിൽ ഒരാളായിരുന്നു ദേവ്. 1934 -ൽ രൂപം കൊണ്ട സോഷ്യലിസ്റ്റ് പാർട്ടിയുടെ ഭരണ ഘടന എഴുതി ഉണ്ടാക്കിയത് അദ്ദേഹമായിരുന്നു. എന്നാൽ കാലാന്തരത്തിൽ ആശയപരമായ എതിർപ്പ് അദ്ദേഹത്തിൽ ഉടലെടുത്തു. ക്രമേണ അദ്ദേഹം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നും വിട്ടു നിന്നു. അധികാരം ഒരിക്കലും കേശവദേവിനെ ഭ്രമിപ്പിച്ചിരുന്നില്ല. ആ മനസ്സ് എപ്പോഴും പട്ടിണി കിടക്കുന്നവൻെറ കൂടെയായിരുന്നു. മുഖം നോക്കാതെ എതിർപ്പിന്റെ ശബ്ദമുയർത്തിയതും അവർക്കു വേണ്ടിയായിരുന്നു. എതിർപ്പിൻെറ പേരിൽ കേശവദേവിനെ പലരും അകറ്റി നിർത്തുമ്പോൾ ദേവ് അവരെ മനസ്സുകൊണ്ട് സ്നേഹിച്ചിരുന്നു. ദേവിന്റെ എതിർപ്പെല്ലാം ആശയങ്ങളോടും, അനീതികളോടും മാത്രമായിരുന്നു. കേശവദേവിൻറെ എതിർപ്പിന്റെ മൂർച്ചയുടെ ആഴമറിഞ്ഞവരെല്ലാം അദ്ദേഹത്തെ അകറ്റി നിർത്തി. വ്യക്തി എന്ന നിലയിൽ ആ മനസ്സിലെ സ്നേഹത്തിൻറെ ആഴം ആരും തിരിച്ചറിഞ്ഞില്ല. ജീവിച്ചിരുന്നപ്പോൾ ബഹുമതികൾ തിരസ്കരിച്ചിരുന്ന ദേവ് മരണകിടക്കയിൽ ആയപ്പോൾ കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പും,പൊന്നാടയും നൽകിയതൊഴിച്ചാൽ മരണശേഷം നമ്മൾ അദ്ദേഹത്തെ മറക്കുകയായിരുന്നു. മരണാനന്തരം ഒരു ദേശീയ അംഗീകൃത ബഹുമതിയും കേശവദേവിനെ തേടിയെത്തിയില്ല. ഒരു സ്മാരകവും അദ്ദേഹത്തിനായി ഉയർന്നില്ല. പദ്മ പുരസ്കാരങ്ങൾ നൽകുന്ന ഭരണകൂടങ്ങളും, പുരസ്കാരങ്ങൾക്കുപിന്നാലെ ഓടുന്ന സാംസ്‌കാരിക ജീവികളും കേശവദേവിനെ ഓർത്തില്ല. മലയാളത്തിന്റെ ഓർമ്മകളിൽ നിന്നും ആ മനുഷ്യസ്‌നേഹി ക്രമേണ പടിയിറങ്ങുകയായിരുന്നു. എതിർപ്പിന്റെ പ്രവാചകനായ പി. കേശവദേവ് ഇന്ന് പൂർണ്ണ വിസ്മൃതിയിലാണ് . മരണാനന്തരം അവഗണനയുടെ ചവറ്റുകൊട്ടയിലേക്ക് എറിയപ്പെട്ട കേശവദേവിനോട് എപ്പോഴെങ്കിലും നമ്മൾ നീതി കാട്ടിയിരുന്നോ? നാം നമ്മോട് തന്നെ ചോദിക്കേണ്ട ചോദ്യമാണിത്.