എക്കാലവുംവിവാദങ്ങളിൽപ്പെട്ടുകൊണ്ടിരിക്കുന്ന മുല്ലപെരിയാർ അണക്കെട്ടിൻറെ നിർമ്മാണം ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു എന്ന് പലർക്കും അറിയില്ല. ജോൺ പെനിക്യാക് എന്ന ബ്രിട്ടീഷുകാരനാണ് ഈ അണക്കെട്ടിന്റെ സൃഷ്ടാവ്. ബ്രിട്ടനിൽ നിന്നും എഞ്ചിനീയറിംഗ് ബിരുദം നേടിയ ജോണിനെ പഴയ ബ്രിട്ടീഷ് മദിരാശിയുടെ ഗവർമെൻറ് മുല്ലപ്പെരിയാറിന്റെ നിർമ്മാണചുമതല ഏൽപ്പിക്കുകയായിരുന്നു. 62 ലക്ഷം ഇന്ത്യൻ രൂപ പദ്ധതിചിലവുമായി 1887 -ൽ അണക്കെട്ടിൻറെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചു. എന്നാൽ ജോൺ പെനിക്യുക്കിനെ നിർമ്മാണ ഘട്ടത്തിൽ കാത്തിരുന്നത് നിരന്തരമായ വെല്ലുവിളികൾ ആയിരുന്നു. നിർമ്മാണത്തിന്റെ തുടക്കത്തിൽ തന്നെ കടുത്ത മഴയും, വെള്ളപാച്ചിലും ഉണ്ടായി. കെട്ടിയ ഭാഗങ്ങളെല്ലാം വെള്ളത്തിൻറെ കുത്തൊഴുക്കിൽ പെട്ട് തകർന്നു. പണിക്കാരിൽ നല്ലൊരു ഭാഗവും വെള്ളത്തിൽ മുങ്ങി മരിച്ചു. അവശേഷിച്ചവരെ വന്യമൃഗങ്ങൾ ഭക്ഷിച്ചു. പദ്ധതി നടക്കില്ലെന്നുറപ്പായതോടെ അണക്കെട്ടിൻറെ നിർമ്മാണം അസാധ്യമെന്ന് ബ്രിട്ടീഷ് ഗവണ്മെന്റ് വിലയിരുത്തി.

ബ്രിട്ടനിലേക്ക് തിരിച്ചുപോയ ജോൺ പെനിക്യുക്ക് നിരാശനാകാതെ താൻ മുല്ലപ്പെരിയാറിൽ അണക്കെട്ട് നിർമ്മിക്കുമെന്ന് പ്രതിജ്ഞ എടുത്തു. അദ്ദേഹത്തിന് എല്ലാ പിന്തുണയുമായി ഭാര്യ ഗ്രേസ് ജോർജീനയുമുണ്ടായിരുന്നു. ഇരുവരും അണക്കെട്ടിൻറെ നിർമ്മാണത്തിനുള്ള ഫണ്ടിനായി മദിരാശിയിലെ ബ്രിട്ടീഷ് ഗവർമെന്റിനെ സമീപിച്ചെങ്കിലും അവർ താല്പര്യം കാട്ടിയില്ല. എന്നാൽ ജോണും, ഭാര്യയും തങ്ങളുടെ തീരുമാനത്തിൽ നിന്നു പിന്മാറുവാൻ തയ്യാറല്ലായിരുന്നു. അവർ ബ്രിട്ടനിലെ തങ്ങളുടെ സ്വത്ത് മുഴുവൻ വിറ്റു. ആ പണവുമായി തിരിച്ചെത്തി നല്ല വേനൽക്കാലത്തു അണക്കെട്ടിൻറെ നിർമ്മാണം പുനരാരംഭിച്ചു. തുടർന്ന് വന്ന മഴയിൽ അണക്കെട്ടിൻറെ നിർമ്മിച്ചു കഴിഞ്ഞ ഭാഗങ്ങൾക്ക് ഒരു കുഴപ്പവും സംഭവിച്ചില്ല. ഇതോടെ ഗവണ്മെന്റിന് ജോണിലുള്ള വിശ്വാസം വർദ്ധിച്ചു. അവർ സർവ്വ പിന്തുണയും നൽകി.

1895 -ൽ അണക്കെട്ടിൻറെ നിർമ്മാണം പൂർത്തിയായപ്പോൾ 81.30 ലക്ഷം രൂപ ചിലവായി. നിർമ്മാണം പുരോഗമിക്കുന്നതിനിടയിൽ നിരവധിപേരുടെ ജീവനാണ് നഷ്ടപെട്ടത്. മുല്ലപ്പെരിയാറിന്റെ പേരിൽ വിവാദങ്ങൾ നിലനിൽക്കുമ്പോൾ നാം അറിയാതെ പോകുന്ന രക്തസാക്ഷികളാണവർ. നിരവധി പേരുടെ ജീവൻ ബലിദാനമായി നൽകിയതാണ് ഈ അണക്കെട്ട് എന്ന കാര്യം ഇന്ന് പൂർണ്ണ വിസ്മൃതിയിലാണ്. 5000 ത്തിൽ അധികം പേരാണ് രണ്ടാമത്തെ നിർമ്മാണപ്രവർത്തനത്തിൽ പങ്കാളികളായത്. ഇവരിൽ പലരും നിർമ്മാണഘട്ടത്തിലെ അപകടങ്ങളിൽ മരണപ്പെട്ടു. 1892 -ൽ 76 പേരും, 1893 -ൽ 98 പേരും, 1894 -ൽ 145 പേരും 1895 -ൽ 123 പേരും മരണമടഞ്ഞതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മുല്ലപ്പെരിയാർ അണക്കെട്ടുൾപ്പെടെ പല വൻ നിർമ്മിതികളുടെയും പിന്നിൽ നിരവധി പേരുടെ ജീവൻ നഷ്ടമായിട്ടുണ്ടെന്ന കാര്യം ഇക്കാലത്തു പലർക്കുമറിയില്ല.